ചെന്നൈ: ജാമ്യത്തിലിറങ്ങിയപ്പോഴാണ് ജ്ഞാനപ്രകാശത്തിന് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരെയെല്ലാം വല്ലാതെ മിസ് ചെയ്തത്. പിന്നെ കൂടൂതലൊന്നും ചിന്തിക്കാന്‍ നിന്നില്ല ഒരു ബൈക്കും കുറച്ച് പെട്രോളും മോഷ്ടിച്ച് തിരിച്ച് ജയിലില്‍ തന്നെ കയറുകയായിരുന്നു. ചെന്നൈ സ്വദേശിയാണ് 52കാരനായ ജ്ഞാനപ്രകാശ്.
സ്വന്തം വീടു പോലെയാണ് ജ്ഞാനപ്രകാശത്തിന് ഇപ്പോള്‍ ജയില്‍. ഒരു മോഷണക്കേസില്‍ പിടികൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ക്ക് ആദ്യമായി ജയില്‍ ശിക്ഷ ലഭിച്ചത്. പുഴല്‍ ജയിലിലെത്തിയ ജ്ഞാനപ്രകാശ് തടവുകാരൊക്കെയായി നല്ല കൂട്ടായി. അതിനിടെ ജൂണ്‍ 29-ന് ജ്ഞാനപ്രകാശ് ജാമ്യത്തിലിറങ്ങി.
പക്ഷേ, ജയില്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ജയില്‍ വാസം തന്നെയായിരുന്നു നല്ലതെന്ന് അയാള്‍ക്ക് തോന്നിയത്. ഭാര്യയുടെയും മക്കളുടെയും നിരന്തരമായുള്ള പീഡനം കാരണം വീട്ടില്‍ തനിക്ക് യാതൊരു വിലയുമില്ലെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ ജയിലിലേക്ക് തന്നെ തിരിച്ച് പോകണമെന്ന ആഗ്രഹം അയാളില്‍ കലശലായി.
പിന്നീട് എങ്ങനെയെങ്കിലും ജയിലിലേക്ക് എത്തണമെന്നായി ജ്ഞാനപ്രകാശിന്റെ ലക്ഷ്യം. അതിനുള്ള മാര്‍ഗങ്ങള്‍ പലതും ചികഞ്ഞു. ഒടുവില്‍ കൈലാസപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശ് തന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്. മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുന്നതിനിടെ പല വണ്ടികളില്‍ നിന്നായി പെട്രോളും കവര്‍ന്നു.
ഇത് കണ്ട നാട്ടുകാര്‍ ഒടുവില്‍ ജ്ഞാനപ്രകാശിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിച്ച ജ്ഞാനപ്രകാശ് മനസുതുറന്നപ്പോള്‍ പോലീസുകാരും ഞെട്ടിപ്പോയി. ജയിലില്‍ മൂന്നു നേരം ലഭിക്കുന്ന ഭക്ഷണവും കൂട്ടുകാരെയുമെല്ലാം മിസ് ചെയ്യുന്നു എന്നായിരുന്നു ജ്ഞാനപ്രകാശിന്റെ മറുപടി. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ പിന്നീട് പുഴല്‍ ജയിലിലേക്ക് തന്നെ അയച്ചു.