മുംബൈ: മുപ്പതുകൊല്ലം മുമ്പ് വാങ്ങിയ 200 രൂപയുടെ കടം വീട്ടാന്‍ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ റിച്ചാര്‍ഡ് ടോംഗിയുടെ കഥയാണ് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. കാശിനാഥ് ഗോള്‍ എന്നയാള്‍ക്ക് നല്‍കാനുള്ള 200 രൂപ മടക്കിനല്‍കാനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും റിച്ചാര്‍ഡ് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെത്തിയത്.
1985-89കാലത്ത് കെനിയയില്‍ നിന്നും ഔറംഗബാദിനു സമീപമുള്ള കോളേജില്‍ മാനേജ്മെന്റ് സ്റ്റഡീസ് പഠനത്തിനെത്തിയതായിരുന്നു റിച്ചാര്‍ഡ്. അക്കാലത്ത് റിച്ചാര്‍ഡ് താമസിച്ചിരുന്ന വാംഖ്ഡെനഗറില്‍ പലചരക്കുകട നടത്തുകയായിരുന്നു കാശിനാഥ്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ കാശിനാഥിന് ഇരുന്നൂറ് രൂപയുടെ കടം ബാക്കിവെച്ചാണ് റിച്ചാര്‍ഡ് മടങ്ങിയത്.
നിലവില്‍ കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തിലെ എംപിയായ റിച്ചാര്‍ഡ് ആ കടം വര്‍ഷങ്ങളോളം മനസ്സില്‍ സൂക്ഷിച്ചു. മുപ്പത്കൊല്ലങ്ങള്ക്കിപ്പുറം അത് വീട്ടാനായി അന്നത്തെ പലചരക്ക് കച്ചവടക്കാരനായ കാശിനാഥിനെയും അന്വേഷിച്ചെത്തി. എന്നാല്‍ റിച്ചാര്‍ഡിനെ കണ്ടതോടെ കാശിനാഥ് അമ്പരന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല- എന്നായിരുന്നു കാശിനാഥിന്റെ പ്രതികരണം.
കാശിനാഥിനെ കണ്ടപ്പോള്‍ റിച്ചാര്‍ഡിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അന്ന് ഇവരാണ് എന്നെ സഹായിച്ചത്. അന്നു ഞാന്‍ വിചാരിച്ചിരുന്നു, എന്നെങ്കിലും ഒരിക്കല്‍ തിരികെയെത്തി ഇവരുടെ കടം വീട്ടുമെന്ന്’- തിങ്കളാഴ്ച കാശിനാഥിനെ കണ്ടതിനു ശേഷം റിച്ചാര്‍ഡ് പറഞ്ഞു.
ഭാര്യ മിഷേലിനൊപ്പമാണ് റിച്ചാര്‍ഡ് കാശിനാഥിനെ കാണാനായി എത്തിയത്. കാശിനാഥിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് അദ്ദേഹത്തെയും മക്കളെയും അനുഗ്രഹിച്ചാണ് റിച്ചാര്‍ഡും കുടുംബവും മടങ്ങിയത്. പോകുമ്പോള്‍ കാശിനാഥിനെയും കുടുംബത്തെയും കെനിയയിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല.