മുംബൈ: മകളെ കടിച്ച പാമ്പിനെയും കൈയ്യില്‍ പിടിച്ച് ആശുപത്രിയിലെത്തിയ അമ്മയെ കണ്ട് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഞെട്ടി. സുല്‍ത്താന ഖാന് എന്ന മുപ്പത്തിനാലുകാരിയാണ് മകള്‍ സഹ്സീന(18)യെ കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിയത്. പാമ്പിനെ പിടിക്കുന്നതിനിടെ സുല്‍ത്താനയ്ക്കും കടിയേറ്റിട്ടുണ്ട്.
ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളിലാണ് സുല്‍ത്താനയും മകളും താമസിക്കുന്നത്. പെരുമഴക്കാലമായതിനാല്‍ അടുത്തുള്ള കാട്ടില്‍ പാമ്പുകള്‍ നിറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ സഹ്സീനെയെ പാമ്പു കടിച്ചു.
കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ട് സുല്‍ത്താന പാമ്പിനെ പിടിച്ച് മകളെയും കൊണ്ട് ഹോസ്പിറ്റലിലെത്തി. അതിനിടെ സുല്‍ത്താനയുടെ കൈയ്യിലും പാമ്പ് കടിയേറ്റിരുന്നു. എന്നിട്ടും പാമ്പിനെ പിടിവിട്ടില്ല. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ഇവര്‍ക്ക് ചികിത്സ നല്കിയ ശേഷം വിദഗ്ധനെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്ന് വിദഗ്ധന്‍ വെളിപ്പെടുത്തി.