ഗുജറാത്ത്: പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് മര്‍ദ്ദനം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജിഎ ഝാലിനാണ് ഗോ രക്ഷകരുടെ മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
പടന് ജില്ലയിലെ സിദ്ദ്പൂര്‍ ജംഗ്ഷനില്‍ നിന്നും പാളത്തിലേക്ക് പെട്ടെന്ന് പശു പാഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് മാസ്റ്റര്‍ ചുവപ്പ് സിഗ്നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍ ഇടിക്കുകയായിരുന്നു.
പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ജിഎ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും പശുവിന്റെ മൃതദേഹം മാറ്റുകയും ചെയ്തു. എന്നാല്‍ ഇതേസമയം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവാവ് ലോക്കോ പൈലറ്റിന്റെ അടുത്തേക്ക് വന്ന് അദ്ദേഹത്തെ പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി ശകാരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അല്‍പ്പസമയത്തിന് ശേഷം 150ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും പ്രശ്നം രൂക്ഷമാകുകയും ചെയ്തെന്നാണ് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കിയത്.
ഈ സമയത്ത് 1500 ട്രെയിന്‍ യാത്രക്കാര്‍ ഏറെ അപകടം നിറഞ്ഞ സരസ്വതി നദിക്ക് മുകളിലുള്ള പാലത്തിലായിരുന്നെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഝാലയെ ആദ്യം ആക്രമിച്ച വ്യക്തി തന്നെ പിന്നീട് കാംലി, ഉജ്ജ ജംഗ്ഷനുകളില്‍ വെച്ചും ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
മെഹ്സാന സ്റ്റേഷനില്‍ ഇറങ്ങിയ ഝാലയെ പോലീസിന്റെ മുന്നില്‍ വെച്ചും ഇതേ വ്യക്തി മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിപിന്‍ സിംഗ് രജ്പുത് എന്ന 28 വയസുക്കാരനാണ് ലോക്കോ പൊലറ്റിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.