കൊച്ചി: മോഷണം നടത്തുന്നതിനിടെ വീട്ടുകാരെത്തിയതിനെ തുടര്‍ന്ന് കള്ളന് അതി വിദഗ്ധമായി രക്ഷപ്പെട്ടു. തൃക്കാക്കര മരോട്ടിച്ചുവട് സഹകരണറോഡില് താമസിക്കുന്ന ജോയിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. രക്ഷപ്പെട്ടോടിയ കള്ളന് ഏഴു പവന് സ്വര്‍ണ്ണം മോഷ്ടിച്ചതായി വീട്ടുകാര്‍ പറയുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാലോടെ വീട്ടുകാര്‍ മാളില്‍ പോയ സമയത്താണ് വീട്ടില്‍ കള്ളന് കയറിയത്. രാത്രി എട്ടുമണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കള്ളന് കയറിയ കാര്യം മനസ്സിലാക്കിയത്. ഉള്ളില്‍ കയറി നോക്കിയപ്പോള്‍ കള്ളന് മുകളിലത്തെ നിലയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ ഉടന്‍ തന്നെ ഗൃഹനാഥന് പോലീസിനെ വിവരം അറിയിച്ചു.
ഇതറിഞ്ഞ കള്ളന് മുകള്‍നിലയില്‍ നിന്ന് പാരപ്പെറ്റ് വഴി ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന് സ്വര്‍ണ്ണം മോഷ്ടിച്ചു. 20 പവന് സ്വര്‍ണ്ണമായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നത്. ജ്വല്ലറി പായ്ക്കറ്റില്‍ വെച്ചിരുന്ന സ്വര്‍ണ്ണമാണ് കള്ളന് കവര്‍ന്നത്. വീട്ടുകാര്‍ എത്തിയതറിഞ്ഞ തത്രപ്പാടില്‍ ബാക്കി കവറുകള്‍ നോക്കാതിരുന്നതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ തൃക്കാക്കര സിഐ ആര് ഷാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.