പെരുവന്താനം: യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത് യുവാവ് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്ക ഗുളിക കഴിച്ച ശേഷമായിരുന്നു ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ലക്ഷദ്വീപ് സ്വദേശി തന്‍സീം അല്‍ മുബാറക്ക് (30) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ എറണാകുളത്തെ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ്. എറണാകുളത്ത് തന്നെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു.
ലക്ഷദ്വീപ് സ്വദേശിയായ ഇയാള്‍ പെരുവന്താനം തെക്കേമലയില്‍ എത്തിയായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് ഇയാള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഇവിടെ എത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു.
രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് രക്തം ഒലിച്ച് കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടത്. നാട്ടുകാര്‍ ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് അഞ്ച് തുന്നലുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.