കൊല്‍ക്കത്ത: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ മാല്‍ഡയിലെ ബൈഷ്ണബ്നഗര്‍ ബസാറിലാണ് സംഭവം. ഇരുപതുകാരനായ സനൗള്‍ ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
യുവാവ് ബൈക്ക് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ കൂട്ടമായി എത്തി ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. അവശനിലയിലായ ഷെയ്ക്കിനെ ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്എസ്കെഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ഷെയ്ക്ക് മരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞെന്നും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഷെയ്ക്കിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.