കൊച്ചി: പോലീസുകാരന്റെ ഭാര്യയും മകളും കുളത്തില്‍ ചാടി ജീവനൊടുക്കി. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ പോലീസുകാരനായ വടയാര്‍ പൊട്ടന്‍ചിറ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപയും(30) മകള്‍ ദക്ഷയുമാണ്(3) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവില്‍ ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മയുടെ ദേഹത്തോടു ചേര്‍ത്ത് കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അഭിജിത്തും ദീപയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വ്യാഴാഴ്ച രാത്രി അഭിജിത്തും ദീപയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അഭിജിത്തിന്റെ പിതാവ് ടിആര്‍ സതീശന് പറയുന്നു. രാത്രി 10 ന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാംപിലേക്കു പോയ ശേഷം എല്ലാവരും ഉറങ്ങിയെന്നും, എന്നാല്‍ രാത്രി മുഴുവനും ഉറങ്ങാതെ ദീപയുണ്ടായിരുന്നുവെന്നും, വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റപ്പോള്‍ ഉറങ്ങുവാന്‍ പറഞ്ഞ് താന്‍ പോയെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ ദീപയെയും കുഞ്ഞിനെയും കണ്ടില്ലെന്നും സതീശന് പറയുന്നു. തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസില്‍ പറയുകയായിരുന്നു. ദീപയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തില്‍ അഭിജിത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു. ഇടവട്ടം രണ്ടു കണ്ടത്തില്‍ ശിവദാസന്റെയും രമണിയുടെയും മൂന്നു പെണ്മക്കളില് ഇളയ ഇരട്ടകളില്‍ ഒരാളാണ് ദീപ.