ചെന്നൈ: ടിക്കറ്റ് റദ്ദാക്കല്‍ വഴി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ റെയില്‍വേയ്ക്ക് ലഭിച്ചത് 5,366 കോടി രൂപയുടെ വരുമാനം. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാതൊരു മുതല്‍മുടക്കുമില്ലാതെയാണ് റെയില്‍വേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത തുടരുന്നതിനാല്‍ റെയില്‍വേ ഈ നയം തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
2015 നവംബര്‍ 12-നായിരുന്നു ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയില്‍വേ തീരുമാനിച്ചത്. ഇതോടെ റെയില്‍വേയുടെ വരുമാനം ഉയരുകയും 2018-19 സാമ്പത്തികവര്‍ഷത്തില്‍ 1,852 കോടി രൂപയും 2017-18 വര്‍ഷം 1,205 കോടി രൂപയും ലഭിക്കുകയും ചെയ്തു. ദക്ഷിണ റെയില്‍വേയ്ക്ക് 2017-18 വര്‍ഷത്തില്‍ 176.76 കോടി രൂപയും 2018-2019 ല്‍ 182 കോടി രൂപയുമാണു ലഭിച്ചത്.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ വരുമാനം 2018-19 വര്‍ഷത്തില്‍ 690 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 127.22 കോടി രൂപയായിരുന്നു. വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ കൂടുതലായി റദ്ദാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. തിരക്കേറിയ പാതകളിലെ തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം 150 മുതല്‍ 250 വരെയാണ്. എസി കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 50 വരെയും. ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ 60 രൂപയാണ് റെയില്‍വേ ഈടാക്കുന്നത്.