മലപ്പുറം: ടിസി വേണമെങ്കില്‍ ഒരു ലക്ഷം രൂപ തരണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്കി. മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് പരാതി നല്‍കിയത്. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികളുടെ ടിസിയാണ് മാനേജുമെന്റ് തടഞ്ഞുവച്ചത്.
പ്ലസ് വണ്‍ പ്രവേശനം നേടാനായി ടിസി ആവശ്യപ്പെട്ടപ്പോഴാണ് ഒരു ലക്ഷം രൂപ നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകളിലെ കോഴ്സ് ഫീയായ ഒരു ലക്ഷം രൂപ അടച്ചാലെ എസ്എസ്എല്‍സി പാസായ കുട്ടികള്‍ക്ക് ടിസി നല്‍കൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ മാനേജ്മെന്റ്.
കൂടാതെ സ്കൂളില്‍ ചേരുമ്പോള്‍ തന്നെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇതില്‍ ഒപ്പിട്ടിട്ടുണ്ടെന്നും മാനേജ്മെന്റ് പ്രതികരിച്ചു. ടിസി ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം അല്ലെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വരണമെന്നുമാണ് മാനേജുമെന്റ് പറയുന്നത്.
എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ടിസി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ശിശുക്ഷേമ സമിതിക്ക് പരാതി നല്കി. കൂടാതെ ടിസിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വീശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ വിഷയം പരിഗണനയ്ക്ക് വന്നു. അടുത്ത തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരു കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.