ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. മമത ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുമതിയും സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് വിധി.
അതെസമയം, ഏഴു ദിവസം കഴിഞ്ഞ ശേഷം മാത്രമേ അറസ്റ്റ് പാടുള്ളു എന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജീവ് കുമാറിന് നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഏഴു ദിവസത്തെ സാവകാശം കോടതി അനുവദിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിനോട് രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്നും കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.