ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടു. അതെസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോഡി തയ്യാറായില്ല. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച മോഡി, ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയാനാണ് വന്നതെന്നും പറഞ്ഞു.
2014ല്‍ അധികാരമേറ്റശേഷം അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് മോഡി മാധ്യമങ്ങളെ കാണുന്നത്. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് മാധ്യമങ്ങളെ കണ്ടത്. മോഡിക്കൊപ്പം അമിത് ഷായും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അമിത് ഷായാണ് ഉത്തരം നല്‍കിയത്.
രണ്ടാം തവണയും ബിജെപി അധികാരത്തില്‍ വരുമെന്നും, കഴിഞ്ഞ അഞ്ചു വര്‍ഷവും ഇന്ത്യയിലെ ജനങ്ങള്‍ തനിക്കൊപ്പം നിന്നുവെന്നും മോഡി പറഞ്ഞു. സത്യവും സമഗ്രതയും 2014 മേയ് 17 മുതല്‍ തുടങ്ങി. 2014-ല്‍ എല്ലാ വാതുവയ്പുകാര്‍ക്കും പണം നഷ്ടപ്പെട്ടു. ഇക്കുറിയും അത് സംഭവിക്കുമെന്ന് മോഡി അവകാശപ്പെട്ടു.
പിന്നാലെ മോഡിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അമിത് ഷായാണ് മറുപടി പറഞ്ഞത്. മോഡി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.