തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം. കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി എച്ച് എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെയാണ് ഇവിടെ റീപോളിങ് നടക്കുക. കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ നേരത്തെ റീപോളിങ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലാണ് റീ പോളിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മെയ് 19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.