കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ബാങ്ക് അധികൃതര്‍ എന്ന വ്യാജേന വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. സംഭവത്തില്‍ എറണാകുളം നെട്ടൂര്‍ തൗണ്ടയില്‍ ടിപി ആന്റണിയുടെ മകന് സജിത്തിന് 38000 രൂപ നഷ്ടമായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ബാങ്ക് അധികൃതര്‍ എന്ന വ്യാജേനയാണ് സജിത്തിന്റെ ഫോണിലേക്ക് കോള്‍ വന്നത്. ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്നായിരുന്നു സംസാരം.തുടര്‍ന്ന് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പരിധി 40,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സജിത്തിനെ തട്ടിപ്പുകാര്‍ വശത്താക്കുകയായിരുന്നു.
കാര്‍ഡിന്റെ 16 അക്ക നമ്പര്‍ ഇവര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വിശ്വസിച്ച സജിത് ഫോണിലേക്ക് വന്ന ഒടിപി നമ്പര്‍ കൈമാറി. ശേഷം പേടിഎം വഴി 30000 രൂപയ്ക്കും 8000 രൂപയ്ക്കും സാധനങ്ങള്‍ വാങ്ങിയതായി ഫോണിലേക്ക് എസ്എംഎസ് സന്ദേശം വന്നതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി സജിത് മനസ്സിലാക്കിയത്. തുടര്‍ന്ന് സൈബര്‍ പോലീസിനും പനങ്ങാട് പോലീസിനും പരാതി നല്കി.