ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയുടെ ഘാതകന് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ തള്ളി ബിജെപി. പ്രജ്ഞ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ പ്രജ്ഞാ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ആയുധമാക്കിയതിന് പിന്നാലെയാണ് പ്രജ്ഞയെ തള്ളി ബിജെപി രംഗത്തെത്തിയത്.
ഗാന്ധിയെ അപമാനിക്കുന്നവര്‍ക്ക് രാജ്യം മാപ്പുതരില്ല. ബിജെപിയുടെ മനോനില വ്യക്തമാക്കുന്നതാണ് പ്രജ്ഞയുടെ വാക്കുകള്‍. ഗാന്ധിജിക്ക് നേരെ വാക്കുകള്‍ കൊണ്ട് വീണ്ടും ബിജെപി വെടിയുതിര്ക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ വിമര്‍ശനം. പ്രജ്ഞയുടെ പരാമര്‍ശത്തില്‍ ഏതെങ്കിലും ജൂനിയര്‍ നേതാക്കളല്ല മറുപടി പറയേണ്ടത്. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മഹാത്മഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സേ രാജ്യസ്നേഹിയാണെന്ന് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്. ഗോഡ്സേ ഹിന്ദു തീവ്രവാദിയാണെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ പരാമര്‍ശത്തിനാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.
ഗോഡ്സേ തീവ്രവാദിയാണെന്ന പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഗോഡ്സേയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.