ആലപ്പുഴ: മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ വീട്ടുകാരുമായി പിണങ്ങി ആഡംബരക്കാറുമായി ദേശീയപാതിയിലൂടെ ചീറിപ്പാഞ്ഞ പതിനഞ്ച് വയസുകാരന് പോലീസ് പിടിയില്‍. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ഏറെ നാളായി മൊബൈല്‍ ഫോണ്‍ വേണമെന്ന് വാശിപിടിക്കുകയായിരുന്നു കുട്ടി. എന്നാല്‍ മാതാപിതാക്കള്‍ ഇതിന് തയ്യാറാവാതെ വന്നതോടെ കുട്ടി ക്ഷുഭിതനായി. പിതാവിനോട് വഴക്കുകൂടി പിണങ്ങിയ പതിനഞ്ച് വയസുകാരന് പിന്നീട് വീട്ടിലെ ആഡംബരകാറുമായി സ്ഥലം വിടുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസ് കണ്ട്രോള് റൂമിലും ഹൈവേ പോലീസിലും അറിയിച്ചു. ദേശീയപാതയിലൂടെ ഹരിപ്പാട് ഭാഗത്തേക്ക് പോയ കാര്‍ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച പോലീസ്, ലൈസന്‍സ് ഇല്ലാതെ മകന് കാര്‍ ഓടിച്ചതിന് പിതാവിന് പിഴ ചുമത്തുമെന്നും അറിയിച്ചു.