ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടക്കുന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യം മുഴുവന്‍ ബിജെപി മത്സരിക്കുന്നുണ്ടെങ്കിലും ബംഗാള്‍ അല്ലാതെ മറ്റൊരിടത്തും ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ വിവരം ഉണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച് വിട്ടപ്പോള്‍ ബംഗാള്‍ പോലീസ് നോക്കി നില്ക്കുക ആയിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തരാണെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ ഇലക്ഷന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
അമിത് ഷായുടെ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നവോത്ഥാന നായകനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളജിലെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂല്‍ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെതാക്കി മാറ്റിയിരുന്നു.