തിരുവനന്തപുരം: ഒരു സിംഹം മാത്രം അവശേഷിക്കുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മുമ്പ് 18ഓളം സിംഹങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു വന്നിട്ടും അധികൃതര്‍ നടപടിയൊന്നും എടുക്കാത്തതിനാല്‍ വിനോദ സഞ്ചാരികളും ഇവിടേക്ക് എത്താതായി.
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്നു നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക്. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ 18 ഓളം സിംഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഒരു സിംഹം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞിട്ടും അധികൃതര്‍ നടപടിയൊന്നും എടുക്കാന്‍ തയ്യാറായില്ല.
സിംഹങ്ങളുടെ സംരക്ഷണം വനംവകുപ്പിന് ബാധ്യതയായതോടെ ചെലവ് ചുരുക്കലിന്റെ പേരില്‍ സിംഹങ്ങളുടെ എണ്ണം കുറക്കാന്‍ ആണ് സിംഹങ്ങളെ വന്ധ്യംകരിച്ചു. അതിന് പിന്നാലെ പല സിംഹങ്ങളും അസുഖം ബാധിച്ച് ചത്തൊടുങ്ങാന്‍ തുടങ്ങി. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു സിംഹം കൂടി ചത്തതോടെ പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം ഒന്നിലെത്തി.
സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നപ്പോള്‍ ഡാം കാണാന്‍ വരുന്നതിനൊപ്പം സിംഹങ്ങളെ കാണാനും നൂറു കണക്കിന് സഞ്ചാരികള്‍ ദിനവും എത്തുമായിരുന്നു. ഇതോടെ വരുമാനവും വര്‍ധിച്ചു. എന്നാല്‍ എണ്ണം കുറഞ്ഞതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ വിനോദ സഞ്ചാരികളും കൈയ്യൊഴിഞ്ഞു.