കൊച്ചി: പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി പുതിയ തലങ്ങള്‍ തേടി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍. കസ്റ്റംസ് പരിശോധനയില്‍ എളുപ്പത്തിലൊന്നും പിടിക്കപ്പെടാതിരിക്കാന്‍ കുഴമ്പു രൂപത്തിലാക്കിയ സ്വര്‍ണ്ണക്കടത്ത് വര്‍ധിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ സ്വര്‍ണ്ണം കാരിയര്‍മാരായ സ്ത്രീകളുടേയും പുരുഷന്മാരുടേയും ദേഹത്തോട് ചേര്‍ത്ത് ഉറപ്പിച്ചു വച്ചാണ് കടുത്തുന്നത്.
വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറടക്കമുളള സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെ ഗള്‍ഫിലെ കേന്ദ്രങ്ങളിലുമുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. മറ്റു പദാര്‍ഥങ്ങളുമായി ചേര്‍ത്ത് ഉരുക്കി തരിരൂപത്തിലാക്കിയാല്‍ ഇത് സ്വര്‍ണ്ണമാണന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല.
ഇത്തരത്തില്‍ തരി രൂപത്തിലാക്കിയ സ്വര്‍ണ്ണം കളിമണ്ണിനൊപ്പം ചേര്‍ത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കുന്നു. ശേഷം അടിവസ്ത്രങ്ങളിലോ കസ്റ്റംസ് പരിശോധനയില്‍ കിട്ടാന്‍ സാധ്യത കുറഞ്ഞ സ്ഥലങ്ങളിലും അറകളുണ്ടാക്കിയും സ്വര്‍ണമിശ്രിതം ഒളിപ്പിച്ചു കടത്തുന്നു. കുഴമ്പാക്കിയ സ്വര്‍ണ്ണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാല്‍ പിടിക്കപ്പെടാനുളള സാധ്യത പൊതുവെ കുറവാണന്ന് സ്വര്‍ണക്കടത്തു സംഘങ്ങള്‍ പറയുന്നു.
സ്വര്‍ണ്ണം പിടിക്കപ്പെടുമോ എന്ന് പരിശോധിക്കാനായി സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ സ്വന്തമായി മെറ്റല്‍ ഡിറ്റക്ടറടക്കമുളള യന്ത്രസാമഗ്രികളുണ്ടാവും. മിശ്രിതത്തിലെ സ്വര്‍ണത്തിന്റെ അനുപാതം 50 ശതമാനത്തില്‍ താഴെയാണങ്കില്‍ കാരിയര്‍മാര്‍ പിടിക്കപ്പെടാറില്ല. സ്വര്‍ണ്ണമിശ്രിതം നാട്ടിലെത്തിച്ച ശേഷം വീണ്ടും സ്വര്‍ണക്കട്ടിയാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്.