കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് -ബിജെപി സംഘര്‍ഷം കനക്കുന്നു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തര യോഗം ചേരും. ഇന്നു രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കള്‍ മമതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാളില്‍ നടന്ന അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലായിരുന്നു സംഘര്‍ഷം. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയിലും വിദ്യാസാഗര്‍ കോളെജിലുമാണ് സംഘര്‍ഷം നടന്നത്.
വിദ്യാസാഗര്‍ കോളെജില്‍ കയറിയ എബിവിപി പ്രവര്‍ത്തകര്‍ നവോത്ഥാന നായകനായ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു. ഇതില്‍ പ്രതിഷേധം അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വന്നു. എബിവിപി പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച് അമിത്ഷാ റോഡ് ഷോ നടത്തിയ റോഡിലൂടെ നാളെ മമതാ ബാനര്‍ജി റോഡ് ഷോ നടത്തും.
പതിനെഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ബംഗാളിലെ ഒമ്പത് സീറ്റുകളാണ് ജനവിധി തേടുന്നത്. മെയ് 19 നാണ് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെയാണ് ബംഗാളില്‍ സംഘര്‍ഷം കനക്കുന്നത്.