ഉജ്ജയിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കുടുംബത്തെ അവഹേളിച്ചെന്നും എന്നാല്‍ താനത് തിരിച്ച് ചെയ്യില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്നേഹം കൊണ്ട് മോഡിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘മോഡിജി വെറുപ്പോടെയാണ് സംസാരിക്കുന്നത്. എന്റെ അച്ഛനെ, മുത്തശ്ശിയെ, മുതുമുത്തശ്ശനെ എല്ലാവരെയും അദ്ദേഹം അങ്ങേയറ്റം അവഹേളിച്ചു.പക്ഷെ ഞാനെന്റെ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ, അമ്മയെ കുറിച്ചോ, അച്ഛനെ കുറിച്ചോ സംസാരിക്കില്ല. മരിക്കേണ്ടി വന്നാല്‍ പോലും മോഡിയുടെ അമ്മയെയോ അച്ഛനെയോ അവഹേളിക്കില്ല. ഞാന്‍ ആര്എസ്എസ്കാരനോ ബിജെപിക്കാരനോ അല്ല മറിച്ച് കോണ്ഗ്രസ്സുകാരനാണെന്നതാണ് ഇതിന് കാരണം. അദ്ദേഹം എന്റെ നേരെ വെറുപ്പ് ചൊരിഞ്ഞാല്‍ ഞാനദ്ദേഹത്തിന് സ്നേഹം തിരികെ നല്‍കും,-‘ രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
പ്രധാനമന്ത്രി മാങ്ങയെയും മേഘങ്ങളെയും കുറിച്ചല്ല സംസാരിക്കേണ്ടതെന്നും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും രാഹുല്‍ വിമര്‍ശിച്ചു. അത്തരം വിഷയങ്ങളില്‍ എന്താണ് നിലപാടെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.