തൃശൂര്‍: വന്‍ സുരക്ഷയില്‍ തൃശ്ശൂര്‍ പൂരം. ശ്രീലങ്കയിലെ സ്ഫോടനപശ്ചാത്തലത്തില് പൂരനഗരി ഇതേവരെ കാണാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3500ഓളം പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, ബോംബ് പരിശോധനയ്ക്ക് 160 അംഗ സംഘം ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ട്. മറ്റ് സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൂരനഗരിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളിലും കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതര സംസ്ഥാന വാഹനങ്ങളിലും പരിശോധന നടത്തും. 60 ഡോര്‍ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിച്ചു. വിഐപികള്‍ ഉള്‍പ്പെടെയുള്ളവരെ ഇതിലൂടെ പരിശോധന നടത്തിയതിന് ശേഷമേ കടത്തിവിടുകയുള്ളൂ.
പത്ത് ഡോഗ് സ്ക്വാഡുകളും പരിശോധനയിക്കായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്രസുരക്ഷാ വിഭാഗം അംഗങ്ങളും എത്തിയിട്ടുണ്ട്. ബോംബ് കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ അത് നിര്‍വ്വീര്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂരപ്പറമ്പ് മുഴുവന്‍ നിരീക്ഷിക്കാനായി 80ഓളം സിസിടിവി ക്യാമറകളും ബൈനോക്കുലറുകളും സ്ഥാപിച്ചിട്ടുണ്ട്.
പോലീസ് ഇതിലൂടെ തത്സമയദൃശ്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. ക്ഷേത്രത്തിലേക്ക് എത്തുന്നവരെ
എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമേ കടത്തിവിടുകയുള്ളൂ. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്ക്വാഡ് ഉണ്ട്. പരിശോധനയ്ക്കായി പടിഞ്ഞാറേ ഗോപുരനടയിലും കിഴക്കേ ഗോപുരനടയിലും അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവിഐപി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും. കൂടാതെ പൂരം കാണാനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടാല്‍ വിവരം പോലീസിന് കൈമാറണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അപരിചിതര്‍ കൈമാറുന്ന കിറ്റുകളും ബാഗുകളും സ്വീകരിക്കരുത്. മരത്തിലോ മതില്‍ക്കെട്ടിലോ ദുര്‍ബലമായ കെട്ടിടങ്ങളിലോ കയറരുത്. ആനകളെ പരിഭ്രാന്തരാക്കുകയോ സെല്ഫിയെടുക്കുകയോ ചെയ്യരുത്.പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ സന്ദേശങ്ങളില്‍ വീഴരുത് തുടങ്ങിയ നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവ നടക്കുന്ന സമയങ്ങളില്‍ ബാഡ്ജണിഞ്ഞ വൊളന്റിയര്‍മാരെയല്ലാതെ കടത്തിവിടില്ല. ഗ്യാസ് സിലിന്‍ഡറുകള്‍ ഉപയോഗിച്ചുള്ള ബലൂണ്‍, പാചകം എന്നിവ പൂരപ്പറമ്പില്‍ നിരോധിച്ചു. ആനത്തൊഴിലാളികള്‍, ആന ഉടമസ്ഥര്‍, സഹായികള്‍, വെടിക്കെട്ട് തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ സ്പെഷ്യല്‍ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നല്‍കിയിട്ടുണ്ട്.
പഞ്ചവാദ്യം, മദ്ദളം കലാകാരന്മാര്ക്കും മറ്റു വാദ്യോപകരണ കലാകാരന്മാര്ക്കും ബാഡ്ജ് നിര്‍ബന്ധമാക്കി. എല്ലാ ഉപകരണങ്ങളും സ്കാനിങ്ങിന് വിധേയമാക്കും. പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലെയും മറ്റും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനായി പൂരം കണ്ട്രോള് റൂമും ജില്ലാ കണ്ട്രോള് റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.