ന്യൂഡല്‍ഹി: പാകിസ്താന് റഡാറിന്റെ കണ്ണില്പെടാതിരിക്കാന് മേഘങ്ങളുടെ മറവില്‍ വിമാനങ്ങള്‍ പറത്താന്‍ താനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
‘മോഡിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന വലിയ ദുരന്തമാണ്. ഇയാളെപ്പോലൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാന്‍ പാടില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. മോഡിയുടെ വാക്കുകള്‍ രാജ്യത്തിന് നാണക്കേടാണ്. ഈ പ്രസ്താവനയിലൂടെ വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുകയാണ്. ഇക്കാര്യങ്ങള്‍ സംസാരിച്ചത് തന്നെ രാജ്യദ്രോഹമാണ്. ഒരു രാജ്യ സ്നേഹിയും ഇത് ചെയ്യില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു.
ബാലാകോട്ടില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നതിനിടെയാണ് യെച്ചൂരിയും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇന്നലെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മോഡിയുടെ പ്രസ്താവന. ‘ നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോഡി പറഞ്ഞത്.