ന്യൂഡല്‍ഹി: ഏറ്റവും മോശമായ ഭക്ഷണമാണ് തനിക്ക് കഴിക്കാന്‍ ജയിലില്‍ കിട്ടുന്നതെന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റിയന്‍ മിഷേല്‍. തന്റെ ശരീരഭാരം 16 കിലോ കുറഞ്ഞെന്നും മൃഗശാലയിലെ കുരങ്ങിനെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നതെന്നും ക്രിസ്റ്റിയന്‍ മിഷേല്‍ പറയുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ക്രിസ്റ്റിയന്‍ മിഷേല്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. തനിക്ക് ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം വളരെ മോശമാണെന്നും യൂറോപ്യന്‍ രീതിയിലുള്ള പ്രഭാതഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ക്രിസ്റ്റ്യന്‍ മിഷേല്‍ പറയുന്നു.
തന്റെ ശരീരഭാരം 16 കിലോയോളം കുറഞ്ഞു. മൃഗശാലയിലെ കുരങ്ങിനെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നതെന്നും ക്രിസ്റ്റിയന്‍ മിഷേല്‍ ആരോപിച്ചു. കൂടാതെ സഹതടവുകാര്‍ ജയിലിനുള്ളില്‍ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുമെന്നും ഇത് ചെയ്യാന്‍ തന്നോടും ആവശ്യപ്പെട്ടുവെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴ് ദിവസം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതും നിഷേധിച്ചിരുന്നു. പരാതി പറഞ്ഞതിന് പിന്നാലെ മിഷേലിനെ താമസിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലിലെ ഉദ്യോഗസ്ഥരോട് കോടതിയില്‍ ഹാജരാകാന്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു.