ന്യൂഡല്‍ഹി; അയോധ്യ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേണ്ടി രൂപം നല്കിയ സമിതിയുടെ കാലാവധി സുപ്രീംകോടതി നീട്ടി. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാണ് ഭരണഘടന ബെഞ്ചിന്റെ ഉത്തരവ്. ആഗസ്റ്റ് 15 വരെയാണ് കാലാവധി നീട്ടിയത്.
നേരത്തെ ചര്‍ച്ചകള്‍ക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നല്‍കിയിരുന്നത്. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്ന് സമിതി സുപ്രീംകോടതിയെ അറിയിച്ചു.
വിഷയത്തില്‍ ഒത്തുതീര്‍പ്പിന്റെ സാധ്യത പരിശോധിക്കാനായി സുപ്രീംകോടതി, മൂന്നംഗ സമിതിയെ നേരത്തെ നിയമിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലീഫുള്ള തലവനായ മൂന്നംഗ സമിതിയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നടത്തുന്നത്. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും അഭിഭാഷകനും മധ്യസ്ഥനുമായ ശ്രീരാം പഞ്ചുവും ഉള്‍പ്പെടുന്നതാണ് സമിതി.
അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയ്ക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.