കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയതിന് കാരണം പ്രധാന പൈലറ്റിന്റെ അഹങ്കാരം. ജൂനിയറായ വനിതാ പൈലറ്റിന്റെ നിര്‍ദേശങ്ങള്‍ ചെവി കൊള്ളാതെ വിമാനം ലാന്‍ഡ് ചെയ്യിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2017 സെപ്റ്റംബര്‍ രണ്ടിനായിരുന്നു സംഭവം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനമാണ് ടാക്സി വേയില്‍ നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥ കാരണമാണ് അപകടം സംഭവിച്ചതെന്നായിരുന്നു പ്രധാന പൈലറ്റിന്റെ വിശദീകരണം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ലാന്‍ഡിങ് സമയത്ത് പ്രധാന പൈലറ്റ് എടുത്ത തെറ്റായ തീരുമാനമാണ് അപകടത്തിന് കാരണമായതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ കണ്ടെത്തുകയായിരുന്നു.
സംഭവം നടന്ന ദിവസം വിമാനത്താവള പരിസരത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റായിരുന്ന യുവതി ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്തണമെന്നും പ്രധാന പൈലറ്റിനോട് നിര്‍ദേശിച്ചു. എന്നാല്‍ തന്നേക്കാള്‍ 30 വയസ് കുറഞ്ഞ ജൂനിയര്‍ പൈലറ്റിന്റെ വാക്കുകള്‍ പ്രധാന പൈലറ്റ് അവഗണിക്കുകയായിരുന്നു.
തുടര്‍ന്ന് നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിക്കേണ്ടി വരികയും അപകടമുണ്ടാവുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് അപകടമുണ്ടാവാന്‍ കാരണമായതെന്നായിരുന്നു പ്രധാന പൈലറ്റ് പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പൈലറ്റിന്റെ അഹങ്കാരമാണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.
ഇയാള്‍ മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിമാനം പറത്തുന്ന സമയത്ത് പൈലറ്റ്മാര്‍ തമ്മില്‍ അന്തരമുണ്ടാവാതിരിക്കാന് ശ്രദ്ധിക്കണമെന്ന് പിന്നീട് ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.