തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന തീരുമാനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്ന് ആന ഉടമകളുമായി ചര്‍ച്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് ചേരുന്ന യോഗത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാറും പങ്കെടുക്കും.
തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ആന ഉടമകളുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍ ഇപ്പോള്‍.
ഈ വിഷയത്തില്‍ ആനയുടമകളുമായി ഒരു അനുനയ ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമം. വൈകുന്നേരം നാലരക്ക് സെക്രട്ടറിയേറ്റില്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ആന ഉടമസ്ഥരുടെ സംഘടനകള്‍ക്കൊപ്പം മന്ത്രി വിഎസ് സുനില്‍കുമാറും കെബി ഗണേഷ് കുമാര്‍ എംഎല്‍എയും പങ്കെടുക്കും. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ബദല്‍ നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കും.