ഹൈദരാബാദ്: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്വയം വെടിവെച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ 19കാരനാണ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഏപ്രില്‍ 18ന് ആണ് ജെഇഇ ഫലം പ്രഖ്യാപിച്ചത്.
പരീക്ഷ കഴിഞ്ഞതു മുതല്‍ പാസാകുമോ എന്ന കാര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി. പലപ്പോഴും മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഒടുവില്‍ പരീക്ഷാഫലം വന്നപ്പോള്‍ പരാജയപ്പെട്ടെന്ന് അറിഞ്ഞ വിദ്യാര്‍ത്ഥി മനംനൊന്ത് ആത്മഹത്യയ്ക്ക് മുതിരുകയായിരുന്നു.
വിരമിച്ച സൈനികനായ പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് കുട്ടി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സ്വകാര്യ ബാങ്കില്‍ ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുട്ടി തോക്കെടുത്തത്. ഇത്തവണത്തെ ജെഇഇ പരീക്ഷാഫലത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രധിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു.