ന്യൂഡല്‍ഹി: നിരവധി തവണ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സൈനികരെയും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളെയും പ്രചാരണ ആയുധമാക്കി ബിജെപി പലതവണ വോട്ടുപിടിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്പ്പെടുത്തിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.