തിരുവനന്തപുരം: യന്ത്രത്തകരാര്‍ ഉണ്ടായിട്ടും വിമാനം പറത്തി. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഹാങ്ങറിലെ വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെയാണ് ഉള്ളത്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം അബുദാബിയിലേക്ക് പുറപ്പെടും.
കണ്ണൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന് രാവിലെ തന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. ഈ വിമാനം തിരുവനന്തപുരത്ത് എത്തിച്ച് തകരാര്‍ പരിഹരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ മറ്റൊരു വിമാനത്തില്‍ അവരെ കയറ്റി വിട്ടിരുന്നു.
കണ്ണൂരില്‍നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തെത്തിച്ചത് എതിര്‍ദിശയിലേക്കു പറന്നാണ്. വിമാനത്തിന്റെ തകരാറിനെക്കുറിച്ചും തിരുവനന്തപുരത്തേക്കു പറക്കുന്നതിനെക്കുറിച്ചും യാത്രക്കാരെ അറിയിച്ചത് അവിടെ എത്താറായപ്പോഴാണ്. യന്ത്രത്തകരാര്‍ വ്യക്തമായിട്ടും വിമാനം പറത്തിയെന്ന ഗുരുതര ആരോപണമാണ് യാത്രക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.