ലാഹോര്‍: തന്റെ ഏറ്റവും വലിയ ആഗ്രഹം സച്ചിന് തെണ്ടുല്‍ക്കറെ നേരില്‍ കാണണമെന്നതാണ് എന്ന് തുറന്ന പറഞ്ഞ് പാക് ഓപ്പണര്‍ ആബിദ് അലി. ലോകകപ്പ് ടീമില്‍ ഇടം നേടിയതിനു പിന്നാലെയാണ് താരം തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തിയത്. സച്ചിനെ കണ്ടാല്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമെന്നും ആബിദ് ആഗ്രഹം പ്രകടിപ്പിച്ചു.
ബാറ്റിങ്ങില്‍ ഉപദേശം തേടുകയാകും സച്ചിനെ നേരില്‍ കണ്ടാല്‍ താന്‍ ചെയ്യുകയെന്നും താരം പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ ആഗ്രഹം സച്ചിനെ നേരില്‍ കാണുക എന്നതാണ്. നേരില്‍ കണ്ടാല്‍ ഉറപ്പായും അദ്ദേഹത്തെ കെട്ടിപ്പിടിക്കും. അതിനു കഴിയുമെന്നാണ് പ്രതീക്ഷ. കളിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. അദ്ദേഹം പോസിറ്റീവായി മറുപടി നല്‍കുമെന്ന പ്രതീക്ഷയുണ്ട്.’ ആബിദ് പറഞ്ഞു. ആബിദ് ലോകകപ്പ് സ്ക്വാഡിലേക്ക് എത്തുന്നത് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ്.
‘സച്ചിന് തെണ്ടുല്‍ക്കറെ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ ആ ദിനം ഞാനെന്നും ഓര്‍ക്കും. അത് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര ദിവസമായിരിക്കും. അദ്ദേഹം മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ്. ഞങ്ങളുടെ സ്വന്തം ഇന്‍സമാം ഉള് ഹഖിനെയും മുഹമ്മദ് യൂസഫിനെയും പോലെ അദ്ദേഹം മികച്ച കളിക്കാരനാണ്. സച്ചിന്റെ ടെക്നിക് കരിയറില്‍ ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ കളിക്കാനും ശ്രമിച്ചിട്ടുണ്ട്.’ ആബിദ് വ്യക്തമാക്കി.