കൊച്ചി: നടന് മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ സൂക്ഷിച്ചുവെന്ന കേസില്‍ ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടി. ഈ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എഎ പൗലോസാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു തന്നെ നല്‍കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി നല്‍കിയത്.
മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനാവില്ലെന്നിരിക്കെ വനംവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 2012ലാണ് മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.