ഒരു പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായാല്‍ സമൂഹം ആദ്യം അവളോട് ചോദിക്കുന്ന കാര്യം ഇനി എങ്ങനെ നീ വിവാഹം കഴിക്കും എന്നാണ്. എന്നാല്‍ അവളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ് ഇതെന്ന് ആവര്‍ത്തിക്കുകയാണ് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന യുവതി. കല്യാണം മാത്രമല്ല ജീവിതത്തിലെ പ്രധാന കാര്യം. മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന് ലക്ഷ്മി ആഗര്‍വാള്‍ പറയുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയെ ഒരുകാലത്ത് ഏറെ സഹതാപത്തോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. എന്നാല്‍ തന്റെ തൊലിപോയ ശരീരത്തിനെയും തളര്‍ന്ന മനസ്സിനെയും അതിജീവിച്ച് പതിന്മടങ്ങ് നിശ്ചയ ദാര്‍ഢ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അവളെ അഭിമാനത്തോടെയാണ് ജനങ്ങള്‍ ഇന്ന് കാണുന്നത്.
ഒരിക്കലും ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ല വിവാഹം. മുഖ സൗന്ദര്യത്തിന് ജീവിതത്തില്‍ ഒരു പ്രാധാന്യവുമില്ല. മാതാപിതാക്കള്‍ ചെയ്യേണ്ടത് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുകയാണെന്ന് ലക്ഷ്മി പറയുന്നു. പതിനഞ്ചാം വയസ്സിലാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മുപ്പത്തി രണ്ടുകാരനായ ഗുഡ്ഡു എന്നയാള്‍ക്കും ലക്ഷ്മിയുടെ സുഹൃത്തായ രാഖിയ്ക്കും കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. പക്ഷെ അധികം വൈകാതെ തന്നെ ജാമ്യത്തിലിറങ്ങിയ ഗുഡ്ഡു മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിച്ചു.
ഇതായിരുന്നു ലക്ഷ്മിയെ സമൂഹത്തിലേക്കിറങ്ങാന്‍ കൂടുതലും പ്രേരിപ്പിച്ചത്. അക്രമം നടത്തിയ ആള് ആഘോഷിച്ച് ജീവിക്കുകയും, അതിനെ അതിജീവിച്ചവള്‍ അകത്ത് കഴിയുകയുമല്ല വേണ്ടത് എന്ന തിരിച്ചറിവുണ്ടായതോടെ ലക്ഷ്മിയുടെ ജീവിതത്തില്‍ നല്ല കുറെ മാറ്റങ്ങളാണ് സംഭവിച്ചത്. നിരവധി ശാസ്ത്രക്രിയകള്‍ക്ക് വിധേയയായ ലക്ഷ്മി ആസിഡ് ആക്രമണത്തില്‍ നിന്നും അതിജീവിച്ച ശക്തയായ പെണ്‍കുട്ടിയായി മാറി.
2006 -ല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച രൂപ എന്ന പെണ്‍കുട്ടിക്കൊപ്പം ലക്ഷ്മി സുപ്രീം കോടതിയെ സമീപിച്ചു. തോന്നും വിധം ആസിഡ് വില്‍ക്കുന്നതിന് എതിരെ അവര്‍ പൊതുതാല്പര്യ ഹര്‍ജി നല്കി. 18 വയസ്സായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്ന് 2013 ജൂലൈ 18 ന് ഇവര്‍ക്ക് അനുകൂലമായി കോടതി വിധിച്ചു.
ലക്ഷ്മി തന്റെ പേരിനൊപ്പം ‘സാ’ എന്ന വാക്കും സൂക്ഷിക്കുന്നുണ്ട്. അത് സ്റ്റോപ് ആസിഡ് അറ്റാക്ക് എന്നാണ് സൂചിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുവളായി മാത്രമല്ല ലക്ഷ്മി ഇന്ന് അറിയപ്പെടുന്നത്. തന്നേപ്പോലുള്ള നിരവധി പേരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ലക്ഷ്മി. ആസിഡ് ആക്രമണവും പൊള്ളലുമേല്‍ക്കേണ്ടി വന്ന നിരവധി പേരെയാണ് ലക്ഷ്മിയുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.
ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ദീപിക പദുക്കോണ്‍ നായികയാവുന്ന ഒരു സിനിമയും ഒരുങ്ങുന്നുണ്ട്. ‘ഛപാക്’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയെപ്പറ്റിയുള്ള വിവരം പുറത്ത് വന്നതിന് ശേഷം പരിചയം പോലുമില്ലാത്തവരാണ് നേരിട്ടും അല്ലാതെയും സ്നേഹത്തോടെ തന്നെ സമീപിച്ചതെന്ന് ലക്ഷ്മി പറയുന്നു. ആസിഡ് ആക്രമണത്തിന് ശേഷം തന്നെ വിട്ടുപോയ പലരും ഇപ്പോള്‍ മെസ്സേജ് അയക്കാറുണ്ടെന്നും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ടെന്നും ലക്ഷ്മി അഭിമാനത്തോടെ പറയുന്നു.