ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം വന്നതിന് ശേഷം 88 ലക്ഷം പേര് നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നികുതിദായകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
നോട്ട് നിരോധനം നിലവില്‍ വന്ന 2016ല്‍ ഏകദേശം 88 ലക്ഷം ആളുകള്‍ നികുതി അടക്കുന്നത് നിര്‍ത്തിയെന്ന കണക്കുകളാണ് പുറത്ത് വന്നത്. 2015 -16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.
അതേസമയം, രാജ്യത്തെ നോട്ട് നിരോധനം കാരണം സമ്പദ്വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളും നിലനില്‍ക്കുന്നുണ്ട്. കൂടാതെ നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ പ്രത്യക്ഷ നികുതി വകുപ്പ് തയ്യാറായിട്ടില്ല. നരേന്ദ്രമോഡി സര്‍ക്കാറിന്റെ സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോര്‍ട്ടുകളും നേരത്തെയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്ത് വരുന്നത്.