തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ച് മാസമായി തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി മുടങ്ങിയിട്ട്. സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വേതന വിതരണം ഇത്രയും വൈകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തൊഴിലുറപ്പ് നിയമം അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ വേതനം നല്‍കണം. അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നിയമം ഇങ്ങനെ ഇരിക്കേയാണ് വേതനത്തിനായി തൊഴിലാളികള്‍ അഞ്ച് മാസം കാത്തിരിക്കേണ്ടി വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് തൊഴിലാളികള്‍ ഒടുവില്‍ കൂലി നല്‍കിയത്. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവുമധികം കൂലി നല്‍കാനുളളതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിയെടുക്കന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതുകയോ നേരിട്ട് സമീപിക്കുകയോ ചെയ്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.