ഹൈദരാബാദ്: ഭക്ഷണം പാഴാക്കിയാല്‍ 50 രൂപ നല്‍കേണ്ടി വരും ഇനി ഒന്നും പാഴാക്കാതെ മുഴുവനും കഴിച്ചാലോ 10 രൂപ ഇളവും ലഭിക്കും. ഭക്ഷണം പാഴാക്കുന്നതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയാണ് തെലങ്കാനയിലെ ‘കേദാരി ഫുഡ് കോര്‍ട്ട്’ എന്ന റെസ്റ്റോറന്റ്.
ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതെ നിരവധി പേരാണ് രാജ്യത്ത് കഴിയുന്നത്. എന്നാല്‍ ഓരോ ദിവസവും വീടുകളും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണത്തിന് യാതൊരു കയ്യും കണക്കുമില്ല. കുഴിച്ച് മൂടിയും കത്തിച്ചു ആര്‍ക്കും ഉപകാരമില്ലാതെ ഈ ഭക്ഷണം പാഴാക്കും. ഈ അവസ്ഥ മുന്നില്‍ കണ്ടാണ് ‘കേദാരി ഫുഡ് കോര്‍ട്ട്’ എന്ന റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.
കേദാരിയും കുടുംബവും 2002 മുതല്‍ ഈ ഹോട്ടല്‍ നടത്തി വരികയാണ്. അമിതമായി ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേദാരി രണ്ട് വര്‍ഷം മുമ്പ് പിഴ ഈടാക്കുന്ന സംവിധാനം ആരംഭിച്ചത്. ഭക്ഷണം കിട്ടാതെ വലയുന്നവര്‍ ഒത്തിരിയാണെന്നും ഓരോരുത്തരും തങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്ന ഭക്ഷണം മാത്രം വാങ്ങണമെന്നും കേദാരി പറയുന്നു.
‘ആരും ഭക്ഷണം പാഴാക്കരുത്. പാഴാക്കുന്നവര്‍ പിഴയടക്കട്ടേ’ എന്ന ചിന്തയാണ് പിഴ ഈടാക്കുന്ന സംവിധാനം തുടങ്ങാന്‍ കാരണമായതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ലഭിക്കുന്ന പണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതെങ്കിലും അനാഥാലയങ്ങള്‍ക്ക് നല്‍കാനാണ് കേദാരി കുടുംബം തീരുമാനിച്ചിരിക്കുന്നത്.
ആദ്യമൊക്കെ റെസ്റ്റോറന്റില്‍ എത്തുന്ന ആളുകള്‍ പിഴ ഈടാക്കുന്നതിനെതിരെ മുഖം കറുപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഭക്ഷണം പാഴാക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കിയതോടെ ഇവര്‍ നല്ല പിന്തുണയും നല്കാന് തുടങ്ങി. ഇതോടെ പിഴ ഈടാക്കുന്നതും കുറഞ്ഞു വരുന്നുണ്ടെന്ന് കേദാരി പറയുന്നു. ഇതുവരെ 14000 രൂപയോളം പിഴയിനത്തില്‍ മാത്രം ഉടമയ്ക്ക് ലഭിച്ചു കഴിഞ്ഞു.
മദ്യപിച്ചെത്തുന്നവര്‍ക്ക് ഇവിടെ ഭക്ഷണം വിളമ്പാറില്ല. കേദാരിയുടെ ഭാര്യയായ പുഷ്പലത, മക്കളായ പ്രിത്വിരാജ്, ആകാശ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ‘കേദാരി ഫുഡ് കോര്‍ട്ട്’ നടത്തുന്നത്. എപ്പോഴും നമ്മള് ഭക്ഷണത്തെ ബഹുമാനിക്കണമെന്നാണ് ഇവര്‍ നല്കുന്ന സന്ദേശം.