ന്യൂഡല്‍ഹി: മിഷന് ശക്തിയുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംഭോധന ചെയ്ത് സംസാരിച്ചതില്‍ പ്രധാനമന്ത്രിക്ക് ഇലക്ഷന് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ യാതൊരുവിധ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും നടന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്നാണ് മോഡിയുടെ പ്രസംഗം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരു പാനലിനെ നിയമിച്ചത്. ഇവരുടെ അന്വേഷണത്തിലാണ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയത്. അതെസമയം കമ്മീഷന് ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് മോഡിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മാര്‍ച്ച് 27ന് ഉച്ച കഴിഞ്ഞാണ് ശാസ്ത്ര നേട്ടം സര്‍ക്കാര്‍ നേട്ടമാക്കി ചിത്രീകരിച്ച് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.