ബ്യൂണസ് ഏറീസ്: അര്‍ജന്റീനാ ജെഴ്സിയിലെ കരിയറിന് ഗോണ്‍സാലോ ഹിഗ്വയ്ന് വിരാമമിട്ടു. പത്തു വര്‍ഷത്തോളമായി ഹിഗ്വയ്ന് അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുന്നു. 31കാരനായ സ്ട്രൈക്കര്‍ ഇനി അന്താരാഷ്ട്ര ഫുട്ബോളില്‍ കളിക്കാനില്ലെന്നും ക്ലബ്ബ് ഫുട്ബോളില്‍ തുടരുമെന്നും പറഞ്ഞു. ഇങ്ങനെയൊരു തീരുമാനമെടുത്തത് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഹിഗ്വയ്ന്.
‘ഇത് അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. വളരെ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ എന്റെ സമയം എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. എന്റെ കുടുംബത്തോടൊപ്പം സമയം ആസ്വദിക്കണം. ഞാന്‍ അവിടെയുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് വേവലാതിപ്പെടുന്നത് ഇനി നിങ്ങള്‍ക്ക് അവസാനിപ്പിക്കാം’ ഫോക്സ് സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ ഹിഗ്വയ്ന് പറഞ്ഞു.
75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയ താരം 2009-ലാണ് അര്‍ജന്റീനയുടെ ദേശീയ ടീമിലെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ ഗോള്‍ നേടിയയാരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. മൂന്ന് ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014ലെ ബ്രസീല്‍ ലോകകപ്പ്, 2018ലെ റഷ്യ ലോകകപ്പ്. 2014ല്‍ അര്‍ജന്റീന ഫൈനലിലെത്തിയപ്പോഴും ഹിഗ്വയ്ന് ടീമംഗമായിരുന്നു.
ഹിഗ്വയ്ന്റെ ഒറ്റ ഗോളിലാണ് അന്ന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിഫൈനലിലെത്തിയത്. 24 വര്‍ഷത്തിന് ശേഷമായിരുന്നു അര്‍ജന്റീനയുടെ സെമിപ്രവേശം. അര്‍ജന്റീനയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരം കൂടിയാണ് ഹിഗ്വയ്ന്.