തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ നാലിരട്ടി വരെ വര്‍ധനവ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതാണ് വിമാനകമ്പനികള്‍ നിരക്ക്കൂട്ടാന് കാരണമായതെന്നാണ് വിലയിരുത്തല്‍.
കൂടാതെ അപകട സാധ്യതയുള്ളതിനാല്‍ ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അതിനാല്‍ മുപ്പതിലധികം വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതോടെ യാത്രക്കാര്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മാര്‍ച്ച് ആദ്യവാരം ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. നിരക്ക് വര്‍ധിപ്പിച്ചതോടെ ഇത് 20,000 രൂപ മുതല്‍ 30,000 വരെയായി. കുവൈത്തിലേക്ക് 9000 മുതല്‍ 12,000 വരെയായിരുന്ന നിരക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്.
ദുബായ് വഴിയാണ് ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്. ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. പൊതുവെ അവധിക്കാലത്തായിരുന്നു ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാവാറുള്ളത്.