കൗമാര പ്രായം മുതലേ അനുഭവിക്കുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ശരീരത്തെക്കുറിച്ച് മോശമായി വരുന്ന കമന്റുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചുണ്ടെന്ന് സൊനാക്ഷി പറഞ്ഞു. കഷ്ടപ്പെട്ട് ഭാരം കുറച്ചിട്ടും അത് അഭിനന്ദിക്കുന്നതിന് പകരം വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും താരം വെളിപ്പെടുത്തി.
അര്‍ബാസ് ഖാന് അവതാരകനായി എത്തുന്ന ടോക് ഷോയ്ക്കിടെയായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. കൗമാരപ്രായം മുതലെ താന്‍ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ടെന്നും ആ സമയത്ത് മാനസികമായി ഒരുപാട് വേദനിച്ചിട്ടുമുണ്ടെന്ന് താരം പറഞ്ഞു. സിനിമയില്‍ എത്തിയപ്പോള്‍ ഇതൊക്കെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബോഡി ഷേമിങ്ങിന്റെ അളവ് പഴയതിലും കൂടുകയായിരുന്നെന്ന് സൊനാക്ഷി വ്യക്തമാക്കി.
ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളില്‍ നിന്നുള്ള പല മോശമായ പ്രതികരണങ്ങളും തന്നെ പലപ്പോഴും വിഷമത്തിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നതെന്നൊക്കെ ചിന്തിക്കുമായിരുന്നു.’ താരം പറഞ്ഞു.
ഭക്ഷണം ക്രമീകരിച്ചും രാത്രി പകല്‍ എന്നില്ലാതെ വ്യായാമം ചെയ്തും ശരീര ഭാരം കുറയക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇപ്പോഴും തടിച്ച തന്റെ ശരീരപ്രകൃതിയാണ് ശ്രദ്ധിക്കുന്നതെന്നുമാണ് താരം പറയുന്നത്. സിനിമ ചെയ്യുന്നതിനായി 30 കിലോ ഭാരമാണ് സൊനാക്ഷി കുറച്ചത്. ഇത്തരത്തില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവരോട് നരകത്തില്‍ പോകൂ എന്നല്ലാതെ മറ്റൊന്നും തനിക്ക് പറയാനില്ലെന്നും സൊനാക്ഷി പറഞ്ഞു.