ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിച്ച ഉപഗ്രഹവേധ മിസൈലായ എസാറ്റ് മിസൈലിന്റെ യഥാര്‍ത്ഥ ശേഷി വെളിപ്പെടുത്തി ഡിആര്‍ഡിഒ ചെയര്മാന് സതീഷ് റെഡ്ഡി. 300 കിലോമീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയതെങ്കിലും 1000 കിലോമീറ്റര്‍ പരിധിയില്‍ ലക്ഷ്യം ഭേദിക്കാന്‍ ഈ മിസൈലിനാവും എന്നാണ് സതീഷ് റെഡ്ഡി പറയുന്നത്.
മറ്റ് ബഹിരാകാശ വസ്തുക്കളെ ബാധിക്കാതിരിക്കാനാണ് ഈ മിസൈലിന്റെ പരീക്ഷണത്തിന് താഴ്ന്ന ഭ്രമണ പഥത്തില്‍ 300 കിലോമീറ്റര്‍ പരിധി തെരഞ്ഞെടുത്തത് എന്നും ഡിആര്‍ഡിഒ ചെയര്മാന് വ്യക്തമാക്കി. ബഹിരാകാശത്തുള്ള വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമാകണമെന്നും എല്ലാ അവശിഷ്ടങ്ങളും വേഗം നശിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാവിലെ 11:16 നാണ് ഒറീസയിലെ ബലാസോര്‍ വിക്ഷേപണത്തറയില്‍ നിന്നും മിസൈല്‍ വിക്ഷേപിച്ചത്. ഈ മിസൈല്‍ മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പ്രവര്‍ത്തനരഹിതമായ ഒരു ഉപഗ്രഹത്തില്‍ വിജയകരമായി പതിച്ചു. വളരെ കൃത്യതയോടെയാണ് മിസൈല്‍ ലക്ഷ്യസ്ഥാനം ഭേദിച്ചതെന്നും ഡിആര്‍ഡിഒ ചെയര്മാന് വ്യക്തമാക്കി. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് ഈ മിസൈല്‍.
ഈ പരീക്ഷണം വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നേരിട്ട് പരീക്ഷണ വിജയം പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത മിസൈലാണ്. എസാറ്റ് മിസൈലില്‍ വിമാനങ്ങളേയും മറ്റും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ബാലിസ്റ്റിക് ആയുധങ്ങളിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ എസാറ്റ് മിസൈലിന് താഴ്ന്ന ഭ്രമണപഥത്തിലെ എല്ലാ ഉപഗ്രങ്ങളെയും ലക്ഷ്യമിടാനുള്ള കഴിവുണ്ട്. സര്‍ക്കാരില്‍ നിന്നും ഈ പദ്ധതിയ്ക്ക് അനുമതി ലഭിച്ചത് രണ്ട് വര്‍ഷം മുമ്പാണെന്നും ആറ് മാസം മുമ്പാണ് അത് ഒരു മിഷന് രൂപത്തിലേക്ക് പരിണമിച്ചതെന്നും റെഡ്ഡി പറഞ്ഞു.