തിരുവനന്തപുരം:കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ ഇനി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളും ഉറപ്പാക്കണമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കൂടാതെ പുതിയ വാഹനങ്ങള്‍ വില്ക്കുമ്പോള് ഡീലര്‍മാര്‍ തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നും ഇതിന് പ്രത്യേക വില ഈടാക്കരുതെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിലവിലുള്ള വാഹനങ്ങള്‍ക്ക് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമല്ല. ആവശ്യമെങ്കില്‍ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തം ചെലവില്‍ ഉടമയ്ക്ക് ഘടിപ്പിക്കാം.
പുതിയഭേദഗതി പ്രകാരം പുത്തന്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതല തന്നെയാണ്. ഹോളോഗ്രാം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്.
സ്ക്രൂചെയ്ത് ഉറപ്പിക്കുന്നതിനുപകരം ഇളക്കിമാറ്റാന്‍ കഴിയാത്ത റിവേറ്റുകള്‍ ഉപയോഗിച്ചാണ് വാഹനത്തില്‍ ഘടിപ്പിക്കുക. ഇവ വേര്‍പ്പെടുത്തുമ്പോള്‍ നമ്പര്‍പ്ലേറ്റ് ഉപയോഗശൂന്യമാകും. വാഹനത്തിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഇതില്‍ രജിസ്ട്രേഷന് വിവരങ്ങളുമുണ്ടാവും.