പനാജി: ഗോവ ഉപമുഖ്യമന്ത്രി സുദിന് ധവലികറെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് ധവലികര്‍ കൈകാര്യം ചെയ്തിരുന്നത്. ബുധനാഴ്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) എംഎല്‍എ ദീപക് പവസ്കറും പാര്‍ട്ടിയുടെ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗോന്‍കറും ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ധവലികറെ പുറത്താക്കിയത്.
എംജിപിയുടെ മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര് ബിജെപിയില്‍ ലയിച്ചതോടെ ബിജെപി അംഗ സംഖ്യ ഉയര്‍ന്നു. പാതിരാനീക്കത്തിലൂടെയാണ് എംജിപിയുടെ എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ച ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് പവസ്കറും അജ്ഗോന്‍കറും കത്ത് നല്കി. എന്നാല്‍ സുദിന് ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല.
സാവന്ത് മന്ത്രിസഭയില്‍ ഭീഷണി മുഴക്കിയാണ് സുദിന് ധവലികര്ക്ക് ഉപമുഖ്യമന്ത്രി പദം നേടിയെടുത്തത്. ഉപമുഖ്യമന്ത്രി പദം നല്‍കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ സാവന്തിനെ ഒഴിവാക്കാന്‍ ബിജെപി ശ്രമിച്ചുവരികയായിരുന്നു.