സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ നാളെ തിയ്യേറ്ററുകളില്‍ എത്തും. വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ മാത്രമായി 350ല്‍ അധികം സ്ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. 200ല്‍ അധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനം ഉണ്ടാകും. മുംബൈയില്‍ മോഹന്‍ലാല്‍ ആരാധകരും പൃഥ്വിരാജ് ആരാധകരും സംയുക്തമായി ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. യുഎസിലും യുകെയിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ റിലീസ് ലൂസിഫറിനാണ്.
മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തില്‍ അതിഥിവേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.