ജോലിത്തിരക്കുകള്‍ കാരണം പലരും ഭക്ഷണം കൃത്യസമയത്ത് കഴിക്കാറില്ല. തിരക്കുകള്‍ എല്ലാം കഴിഞ്ഞ് ഒന്നിച്ച് ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ശീലമുള്ളവരായിരിക്കാം നിങ്ങളില്‍ പലരും. എന്നാല്‍ ഈ ശീലം നിങ്ങളെ പൊണ്ണത്തടിയന്മാരാക്കുമെന്ന് പുതിയ പഠനം പറയുന്നു. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ‘എന്‍ഡോ 2019’ വാര്‍ഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിച്ചത്.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നവരും പൊണ്ണത്തടിയന്മാരാവുന്നുണ്ടെന്ന് മുമ്പുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ വൈകി ഭക്ഷണം കഴിക്കുന്ന ശീലമാണ് പൊണ്ണത്തടിയും അമിതഭാരവുണ്ടാവാന് പ്രധാന കാരണമെന്ന് പഠനത്തിന് നേതൃത്വം നല്കിയ കൊളറാഡോ യൂണിവേഴ്സിറ്റി തലവന്‍ അഡ്നിന് സമന് പറയുന്നു.
മുപ്പത്തിയാറ് വയസ് വരെ പ്രായവും പൊണ്ണത്തടിയുമുള്ള മുപ്പത്തിയൊന്ന് പേരെയാണ് ഗവേഷകര്‍ പഠനം നടത്താനായി തെരഞ്ഞെടുത്തത്. വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയും ഭാരം കുറയ്ക്കാനായി എവ്യായാമം ചെയ്യുന്നവരുമാണ് ഇവര്‍. ആഴ്ചകള്‍ നീണ്ട പഠനത്തിനായി പുതിയ സാങ്കേതിക വിദ്യകളുടെ സഹായവും ഗവേഷകര്‍ തേടിയിട്ടുണ്ട്.
മൂന്ന് തരം സാങ്കേതിക വിദ്യകളാണ് പഠനത്തിനായി ഉപയോഗിച്ചത്. ആളുകളുടെ ഉറക്കത്തിന്റെ അളവ് കണക്കാക്കുന്നതും, എത്രസമയം ശാരീകപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നുവെന്നും എന്തൊക്കെ ഭക്ഷണമാണ് കഴിക്കുന്നതെന്നും കണ്ടെത്താനും കഴിയുന്ന ഉപകരണങ്ങളാണിവ.
ഉറക്കത്തിന്റെ അളവ് കണക്കാക്കുന്നതിനുള്ള ഉപകരണം കൈകളിലും എത്രസമയം ജോലി ചെയ്യുന്നുവെന്ന് കണ്ടെത്താന്‍ കഴിയുന്ന ഉപകരണം കാലിലും ഘടിപ്പിച്ചു. കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ‘മീല്‍ ലോങ്ങര്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഇവര്‍ക്ക് നല്കി.
ഇവര്‍ പതിനൊന്ന് മണിക്കൂറിനുള്ളിലെ വ്യത്യസ്തസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നുവെന്നും ഏഴുമണിക്കൂറോളമാണ് ഉറങ്ങുന്നതെന്നും ഗവേഷകര്‍ നിരീക്ഷണത്തില്‍ കണ്ടെത്തി. വൈകിയാണ് പലരും ഭക്ഷണം കഴിക്കുന്നതെന്നും ഉറക്കത്തിന്റെ അളവ് ഇവരില്‍ കുറവാണെന്നും വ്യക്തമായിട്ടുണ്ട്.
ഭക്ഷണം കഴിക്കുന്ന സമയവും ആരോഗ്യവും തമ്മില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പഠനത്തിലൂടെ പറയുന്നു. പകല്‍ ഏറെ വൈകി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യാത്തവര്‍ പൊണ്ണത്തടിയന്മാരാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.