തിരുവനന്തപുരം: അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് തടയാനായി പതിമൂന്ന് വയസ്സില്‍താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷന്. കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സീറ്റ് (ചൈല്‍ഡ് സീറ്റ്) നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതി വരുത്തണമെന്നും കമ്മിഷന് മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്കി.
സംഗീതജ്ഞന് ബാലഭാസ്കറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കമ്മിഷന് സ്വമേധയാ എടുത്ത കേസിലാണ് നടപടി. മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തുമ്പോള് അപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് ബാലാവകാശ കമ്മിഷന് നിരീക്ഷിച്ചു.
സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തണം. സീറ്റ് ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് അനുയോജ്യം. മുതിര്‍ന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടം സംഭവിക്കുമ്പോള്‍ കുട്ടികള്‍ പിടിവിട്ട് തെറിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചത്.