താനെ: പ്രണയബന്ധത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ധാരുണ കൊലപാതകം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
കല്‍പേഷ് ചൗധരി എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ഈ മാസം ആദ്യം മുതല്‍ കല്‍പേഷിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച മുര്ബാദ്മാസ റോഡിലെ ഒരു ഫാംഹൗസിനു സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും അഴുകിയ നിലയില്‍ കല്‍പേഷിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.
താനെ ജില്ലയിലുള്ള അംബര്‍നാഥ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി കല്പേഷിനു ബന്ധമുണ്ടായിരുന്നത് പെണ്‍കുട്ടിയുടെ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കല്പേഷിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിയിരുന്നു.
കല്‍പേഷിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. മൂന്നു പേര് ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.