ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഗാഡ്ജറ്റുകളില്‍ ഒന്നാണ് എയര്‍പോഡുകള്‍. ആരാധകര്‍ക്കായി രണ്ടാംതലമുറ എയര്‍ പോഡുകളുമായി ആപ്പിള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യ ഉള്‍പ്പടെയുള്ള എല്ലാ വിപണിയിലും പുതിയ എയര്‍പോഡുകള്‍ ലഭ്യമാവും.
രണ്ടാം തലമുറ ആപ്പിള്‍ എയര്‍പോഡുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യയില്‍ ഇതിന് 14,900 രൂപയാണ് വില. എന്നാല്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുള്ള പതിപ്പിന് 18,900 രൂപയായിരിക്കും വിലയെന്ന് അധികൃതര്‍ അറിയിച്ചു.
ആദ്യ തലമുറ എയര്‍പോഡുകളുടേതിന് സമാനമാണ് പുതിയ എയര്‍പോഡുകളുടെ രൂപകല്പന. എന്നാല്‍ ഒന്നാം തലമുറ എയര്‍പോഡുകളെ അപേക്ഷിച്ച് സുപ്രധാനമായ പല മാറ്റങ്ങളും ഇതില്‍ വന്നിട്ടുണ്ട്. അതിവേഗ പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന എച്ച് വണ്‍ ചിപ്പ് ആണ് പുതിയ എയര്‍പോഡില്‍ ഉപയോഗിച്ചിട്ടുള്ളത്.
കൂടാതെ ഇത് 50 ശതമാനം അധികം ടോക്ക്ടൈം നല്‍കും. ഒപ്പം ആപ്പിള്‍ ഉപകരണങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനുമാവും. മികച്ച ശബ്ദാനുഭവം നല്‍കുന്നതിലും എച്ച് വണ്‍ ചിപ്പ് സഹായിക്കുന്നു. സിരി സംവിധാനം ഉപയോഗിച്ച് ശബ്ദനിര്‍ദേശങ്ങളിലൂടെ പാട്ടുകള്‍ മാറ്റാനും സാധിക്കും.
കൂടാതെ ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിങ് കേസ് സൗകര്യം ഈ വര്‍ഷമാണ് അവതരിപ്പിക്കുന്നത്. ഒന്നാം തലമുറ എയര്‍പോഡുകള്‍ക്കും ഈ വയര്‍ലെസ് ചാര്‍ജിങ് കേസ് ഉപയോഗിക്കാം. 7500 രൂപയാണ് ഇതിന്റെ വില. എയര്‍പോഡില്‍ വയര്‍ലെസ് ചാര്‍ജ് കേസിനെ കൂടാതെ സ്റ്റാര്‍ന്റേഡ് ചാര്‍ജിങ് കേസ് ആണ് ഉള്ളത്. ചാര്‍ജ് സ്റ്റാറ്റസ് കാണിക്കുന്നതിനുള്ള എല്‍ഡി ലൈറ്റ് സംവിധാവും ഇതിലുണ്ട്.