കൊച്ചി: അമിത ശബ്ദത്തില്‍ പാട്ട് വെച്ച് നിരത്തിലൂടെ ചീറിപ്പായുന്ന ബസുകള്‍ക്ക് പിടിവീഴുന്നു. ജില്ലയില്‍ സ്വകാര്യ ബസുകളില്‍ പാട്ട് വച്ച് സര്‍വ്വീസ് നടത്തരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഘടിപ്പിച്ചാല്‍ പിടികൂടി പിഴയീടാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. റോഡപകടങ്ങള്‍ കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ നടപടി.
ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ബസുകളിലെ ഓഡിയോ സംവിധാനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിച്ചു. ഇത് പരിശോധിക്കാനായി പ്രത്യേക സ്ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്. റൂട്ട് പെര്‍മിറ്റുള്ള ബസുകളില്‍ ഓഡിയോ – വിഡിയോ സംവിധാനങ്ങള്‍ ഘടിപ്പിക്കരുതെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ഉച്ചത്തില്‍ പാട്ടും വച്ച് ബസുകള്‍ കുതിച്ച് പായാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണര്‍ ഇത്തരം ബസ്സുകളെ പരിശോധിക്കാന്‍ ഇറങ്ങിയത്. പാട്ടുവയ്ക്കുന്നതിന് പുറമേ സ്പീഡ് ഗവര്‍ണര്‍, യൂണിഫോം, സീറ്റ് സംവരണം, സ്റ്റോപുകളില്‍ നിര്‍ത്താതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേക സ്ക്വാഡ് പരിശോധിക്കും.
നിയമം പാലിക്കാതെ നിരത്തിലിറങ്ങുന്ന സ്വകാര്യബസുകളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുകയും പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രമാണ് പാട്ട് വച്ച് സര്‍വ്വീസ് നടത്താനുള്ള അനുമതിയുള്ളത്.