കൊല്‍ക്കത്ത; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകള്‍ ഒഴിവാക്കി ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തു വിട്ടു.
രണ്ടാം ഘട്ടത്തില്‍ പതിമൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. 2014 കോണ്‍ഗ്രസ് വിജയിച്ച മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്, ജംങ്കിപൂര്, ബഹ്റാംപൂര് എന്നിവിടങ്ങളില്‍ ഒഴിച്ചിട്ടാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നത്.
ആദ്യ ലിസ്റ്റില്‍ 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. ബംഗാളില്‍ ആകെയുള്ള 42 മണ്ഡലങ്ങളില്‍ 38 ഇടങ്ങളില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്.
ബംഗാളില്‍ ഒരു തരത്തിലുള്ള സഖ്യവുമില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പ്രകാരം തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ രണ്ട് ഇടത് സിറ്റിങ് സീറ്റുകളായ റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
അതെസമയം ഇടത് സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള സമയ പരിധി നാളെ വൈകുന്നേരം വരെയുണ്ട്. കോണ്‍ഗ്രസ് അതിന് തയ്യാറായില്ല എങ്കില്‍ കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം.